
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ഉണ്ടായത് കൃഷ്ണകുമാർ വിരുദ്ധ തരംഗമാണെന്ന് പറഞ്ഞ് ബി ജെ പിയിൽ നിന്നും കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യർ. ബി ജെ പിക്ക് തിരിച്ചടിയായത് സ്ഥാനാർഥി നിർണയമാണെന്നും, ഓരോ ബൂത്തിൽ നിന്നും മുപ്പത് മുതൽ അൻപത് വരെ കേഡർ വോട്ടുകൾ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Sandeep Varier against BJP )
എന്നാൽ, അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബി ജെ പിയും സ്ഥാനാർത്ഥിയും അവകാശപ്പെടുന്നത്.യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെയാണ് കേരളത്തിലെ ബി ജെ പിയെ അടക്കിവച്ചിരിക്കുന്ന കെ സുരേന്ദ്രൻ, വി മുരളീധരൻ, കൃഷ്ണകുമാർ എന്നിവരടങ്ങിയ കോക്കസ് സ്ഥാനാർഥി നിർണ്ണയം നടത്തിയതെന്നാണ് സന്ദീപ് വാര്യർ ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പാർട്ടി സംസ്‌ഥാന അധ്യക്ഷനായ സുരേന്ദ്രൻ തന്നെ നേരിട്ട് നേതൃത്വം നൽകിയെന്നും, കനത്ത പരാജയത്തിനുള്ള കാരണങ്ങൾ ഇതിലൊക്കെത്തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അച്ചടക്കമെന്ന പേരിൽ അടിമത്ത മനോഭാവത്തോടെ നിൽക്കുന്ന ഒരു കൂട്ടം ആളുകളായി ബി ജെ പി മാറിയെന്നും, ആത്മവിമര്‍ശനം നടത്തുന്ന സ്വഭാവം ബി ജെ പിക്കില്ലെന്നും വിമർശിച്ച അദ്ദേഹം, തങ്ങൾക്ക് പറയാൻ കഴിയാത്ത കാര്യങ്ങൾ അവർ സി പി എമ്മിനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും ആരോപിച്ചു.
പാലക്കാട്ടേത് സി പി എം-ബി ജെ പി അന്തർധാര ഏറ്റവും പ്രകടമായ രീതിയിലുള്ള തെരഞ്ഞെടുപ്പായിരുന്നുവെന്നാണ് സന്ദീപ് പറയുന്നത്.