
കൊച്ചി: തൻ്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുതെന്ന് പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര വിരുദ്ധമായ പ്രസ്താവനയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടേത് എന്ന് പറഞ്ഞ രഞ്ജിത്ത്, അവരുടെ ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും പരാമർശിച്ചു.
തൻ്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ തനിക്കെതിരെ പ്രവർത്തിക്കുകയാണ് ഒരു കൂട്ടം ആളുകൾ എന്നും, തനിക്കെതിരേയുള്ള ആരോപണം നുണയാണെന്ന് തെളിയിക്കുമെന്നും വ്യക്തമാക്കി. ഇക്കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം വെളിപ്പെടുത്തി. സർക്കാരിൻ്റെ പ്രതിച്ഛായക്ക് താനെന്ന വ്യക്തി മൂലം കളങ്കം ഏൽക്കരുതെന്നുള്ളതിനാൽ ഔദ്യോഗിക സ്ഥാനത്ത് നിന്നൊഴിയുകയാണ് എന്ന് പറഞ്ഞ രഞ്ജിത്ത്, സംസ്കാരിക മന്ത്രിയോടും, മുഖ്യമന്ത്രിയോടും തൻ്റെ രാജി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. തൻ്റെ സ്വകാര്യത ഹനിക്കുന്ന മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു.
അതേസമയം, സംവിധായകൻ രഞ്ജിത്തിൻ്റെ രാജിയിൽ പ്രതികരിച്ച് ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിൻ്റെ രാജിയിൽ തനിക്ക് സന്തോഷമോ ദുഃഖമോ ഇല്ലെന്ന് പറഞ്ഞ നടി, ജനങ്ങളറിയാൻ വേണ്ടിയായിരുന്നു തൻ്റെ വെളിപ്പെടുത്തലെന്നും കൂട്ടിച്ചേർത്തു.