
തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം.(Rain has caused much havoc in Trivandrum )
കനത്ത മഴയെത്തുടർന്ന് മതിലിടിഞ്ഞ് വീണ് വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മണ്ണിനിടയിലായി. 2 കാറുകളും 2 ബൈക്കുകളുമാണ് മണ്ണിനടിയിലായത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ സംഭവമുണ്ടായത് അരുവിക്കര പഞ്ചായത്തിലെ മൈലമൂടിലാണ്. പി പ്രതാപൻ നായർ എന്ന വ്യക്തിയുടെ വീട്ടിലേക്കാണ് മതിലിടിഞ്ഞു വീണത്.
അതേസമയം, കനത്ത മഴ മൂലം വേളിയിലും പൂവാറിലും പൊഴികൾ മുറിച്ചു. ജലവിഭവ വകുപ്പ് പൊഴി മുറിച്ചത് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പിനെത്തുടർന്നാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണിത്. ഇതോടെ ആക്കുളം കായലിലെയും, ആമയിഴഞ്ചാൻ തോട്ടിലെയും, തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ശക്തമായ മഴ പെയ്താൽ വെള്ളപ്പൊക്കം പതിവാണെന്നും, തിരുവനന്തപുരത്ത് വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, തലസ്ഥാനത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും, ക്യാമ്പുകൾ സജ്ജമാണെങ്കിലും ആരെയും ഇതുവരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമങ്ങാട് താലൂക്കിൽ 6 വീടുകളും, കാട്ടാക്കട ഒരു വീടും ഭാഗികമായി തകർന്നിട്ടുണ്ട്. അരുവിക്കര ഡാമിൻ്റെ 5 ഷട്ടറുകൾ 30 സെന്‍റി മീറ്റര്‍ വീതം ഉയർത്തുകയും, പേപ്പാറയിൽ 4 ഷട്ടറും തുറക്കുകയും ചെയ്തു. ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾ താൽക്കാലികമായി തടയുകയും, മലയോര മേഖലകളിലേക്കുള്ള യാത്രകൾ തടയുകയും ചെയ്തു.