
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോൺഗ്രസ് കള്ളപ്പണം എത്തിച്ചു എന്ന ആരോപണം ഉന്നയിച്ച സിപിഎം കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ താമസിച്ച കെപിഎം റിജൻസിയുടെ പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത് (Palakkad Police Raid).
രാഹുലിന്റെ വസ്ത്രങ്ങളുൾപ്പെട്ടതെന്ന് അവകാശപ്പെടുന്ന ട്രോളി ബാഗുമായി കെ.എസ്.യു നേതാവ് ഫെനി നൈനാൻ കെ.പി.എം ഹോട്ടലിൽനിന്ന് പുറത്തിറങ്ങി കാറിലേക്ക് ബാഗ് വെക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. രാത്രി പത്തിനാണ് രാഹുൽ ഹോട്ടലിലേക്ക് വരുന്നത്. പതിനൊന്നരയ്ക്ക് കോഴിക്കോട്ടേക്ക് പോയി. ഈ സമയം ഹോട്ടലിന്റെ പാർക്കിംഗ് ഏരിയായിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കെഎസ്യു നേതാവ് ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്ന് ദൃശ്യങ്ങളിൽ കാണാം. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഫെനി വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിൽ ബാഗ് കയറ്റുമ്പോൾ രാഹുൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ ആ കാറിൽ കയറാതെ മുമ്പിൽ ഉണ്ടായിരുന്ന കാറിലാണ് രാഹുൽ കയറിയത്. ഇത് ദുരൂഹത ഉണർത്തുന്നതാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.