
കല്‍പ്പറ്റ: ഉപതെരഞ്ഞടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് നാമനിര്‍ദേശ പത്രികയില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് നാമനിർദേശ പത്രിക തള്ളണമെന്നുള്ള ബി ജെ പിയുടെ ആവശ്യത്തെ വകവെയ്ക്കാതെയാണ് ഈ നടപടി.(Priyanka's nomination papers have been accepted )
പ്രിയങ്കയുടെ നാമനിർദേശ പത്രികയിൽ റോബർട്ട് വദ്രയുടെ ആസ്തിയായി ഉള്ളത് 65.55 കോടി രൂപയാണ്. വയനാട്ടിലെ സത്യവാങ്മൂലത്തിൽ പ്രിയങ്ക പറയുന്നത് തനിക്കും ഭർത്താവിനും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും, അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും, മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. വയനാട്ടിൽ പ്രിയങ്കയുടെ ആദ്യ പരിപാടി ഉച്ചയ്ക്ക് ബത്തേരി നിയോജക മണ്ഡലത്തിലെ മീങ്കടിയിൽ നടക്കുന്ന കോർണർ യോഗമാണ്.
തുടർന്ന് 2.30 ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ പണമരത്തും, വൈകിട്ട് 4.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും പ്രിയങ്ക പ്രസംഗിക്കും. ചൊവ്വാഴ്ച്ച രാവിലെ 9.30ന് തിരുവമ്പാടിയിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട്ടിലെ തെരട്ടമ്മൽ, വൈകിട്ട് മൂന്നിന് വണ്ടൂരിലെ മമ്പാട്, 4 30ന് നിലമ്പൂരിലെ ചുങ്കത്തറ എന്നിവിടങ്ങളിൽ പ്രിയങ്ക സംസാരിക്കും. വിവിധ യോഗങ്ങളിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.