
ന്യൂഡൽഹി: ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷമുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാരിൻ്റെ മുദ്രാവാക്യം 'രാജ്യം ഒന്നാമത്' എന്നതാണെന്നും, രാജ്യത്തിൻ്റെ പുരോഗതിയുടെ ബ്ലൂ പ്രിന്‍റാണ് സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ എന്നും പറഞ്ഞ പ്രധാനമന്ത്രി, അത് പബ്ലിസിറ്റിക്കായല്ലെന്നും വ്യക്തമാക്കി.
യുവാക്കളിൽ വലിയ പ്രതീക്ഷ നിറച്ചതാണ് കഴിഞ്ഞ പത്ത് വർഷത്തെ വളർച്ചയെന്ന് പറഞ്ഞ മോദി, ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ് ലോകമെന്നും കൂട്ടിച്ചേർത്തു.ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണമെന്നും, നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണമെന്നും പറഞ്ഞ മോദി, ആ ലക്ഷ്യത്തിലേക്ക് വൈകാതെ തന്നെ എത്തിച്ചേരുമെന്നും വിശദീകരിച്ചു. സർക്കാരിൻ്റെ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. സർക്കാരിന് രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതി എത്തിക്കാനായെന്ന് പറഞ്ഞ അദ്ദേഹം, 15 കോടി ഉപഭോക്താക്കളെ ജലജീവൻ മിഷനിലേക്ക് കൊണ്ടുവന്നതായും, സ്വച്ഛ് ഭാരത് പദ്ധതി വിജയം കൈവരിച്ചതായും പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്‌തമായ ഇടപെടലുകൾ നടത്താനായെന്നും, യുവാക്കൾക്ക് പ്രചോദനപാത്രമായി സൈന്യത്തിൻ്റെ പോരാട്ടം മാറിയെന്നും, ഇന്ത്യ ഉൽപ്പാദനമേഖലയുടെ ഹബ്ബായി മാറിയെന്നും മോദി വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തിൽ 10 കോടിയിലധികം വനിതകൾ സ്വയംപര്യാപ്തരാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായെന്നും കൂട്ടിച്ചേർത്തു.
സർക്കാർ ബഹിരാകാശ രംഗത്തെ വലിയ ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും പുരോഗമനമുണ്ടായി എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, 2047 ൽ വികസിത ഭാരതം എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി.