
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല. നടന്നത് മോഷണമല്ലെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും.
പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും ഇവർക്ക് മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിൽ വച്ച് കയ്യിലുള്ള പൂജാ സാധനങ്ങൾ നിലത്തുവീണു, അപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്, പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതത് കാരണം പാത്രം കൊണ്ടു പോയെന്നും പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.