തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി. അധികാരത്തിൽ വരാതിരിക്കാനുള്ള എല്ലാ രാഷ്ട്രീയ നിലപാടും കോൺഗ്രസ് സ്വീകരിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബി.ജെ.പി. അധികാരത്തിൽ വരുന്നത് തടയാൻ സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇത് കോൺഗ്രസിന്റെ പൊതുനിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(People are the captain of Congress, will remove BJP from power, says KC Venugopal)
കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ ഭരണമില്ലാതെ, കള്ളക്കേസുകൾ അടക്കം എല്ലാ പീഡനങ്ങളും അനുഭവിച്ച കോൺഗ്രസ് പ്രവർത്തകരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ വിജയമാണിത്. ജനങ്ങളാണ് കോൺഗ്രസിന്റെ ക്യാപ്റ്റൻ. ഈ വിജയം കൂട്ടായ നേതൃത്വത്തിന്റെ പ്രവർത്തന ഫലമാണ്, വ്യക്തിപരമായ ആരുടെയും വിജയമല്ല. ഈ വിജയം സമ്മാനിക്കുന്നതിൽ പിണറായി സർക്കാരിന്റെ വലിയ പങ്കുണ്ട്. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അഭിനന്ദിക്കുകയാണ്.
കേന്ദ്രവുമായി കീഴടങ്ങൽ രീതിയിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോയതെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു. തൃശ്ശൂരിനുശേഷം തിരുവനന്തപുരവും ബി.ജെ.പിക്ക് കൊടുക്കാൻ കാരണക്കാർ സി.പി.എമ്മും സംസ്ഥാന സർക്കാരുമാണ്. ശബരിമല സ്വർണക്കൊള്ള പ്രോത്സാഹിപ്പിച്ചതും സി.പി.എമ്മും സർക്കാരുമാണ്. തിരുവനന്തപുരത്തെ പരാജയത്തിന് പൂർണ്ണ കാരണം സി.പി.എം. മാത്രമാണ്. സി.പി.എമ്മിന്റെ വാർഡുകളാണ് ബി.ജെ.പിക്ക് അനുകൂലമായി ചോർന്നുപോയത്.
തിരുവനന്തപുരം വിട്ടാൽ ബി.ജെ.പിക്ക് മറ്റെവിടെയും കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. കേരളം ബി.ജെ.പി.ക്ക് കീഴിലേക്ക് പോവുകയാണെന്ന് മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. കേരളത്തിൽ അട്ടിമറി നടന്നുവെന്ന ബി.ജെ.പി. പ്രചാരണം തെറ്റാണ്. എം.എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെയും കെ.സി. വേണുഗോപാൽ രൂക്ഷമായി പ്രതികരിച്ചു.
"ഒരു നേതാവിൻ്റെയും പോക്കറ്റിൽ നിന്നെടുക്കുന്ന പൈസയല്ല ക്ഷേമപെൻഷൻ. കേരളത്തിലെ ജനങ്ങളെ എം.എം. മണി അപമാനിച്ചു. പെൻഷൻ തന്നാൽ വോട്ട് ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മണിയുടെ ശൈലിയിൽ പിടിച്ച് രക്ഷപ്പെടാനാണ് പാർട്ടി സെക്രട്ടറി പോലും ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി പറയണം," അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) നെ യു.ഡി.എഫിൽ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് "കാത്തിരുന്ന് കാണാം" എന്നായിരുന്നു കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. ഒരു വിജയം ഉണ്ടായതിന് പിന്നാലെ മറ്റൊരു പാർട്ടിയെ വിളിക്കുന്നതിൽ തനിക്ക് പ്രതികരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ കൂടിയാലോചനകൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.