
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് അടിവരയിടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഈ അവസരത്തിൽ പാലക്കാട് മുന്നണികളെല്ലാം ആവേശത്തിലാണ്.(Palakkad By-Elections 2024 )
കേരളമൊട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട് എന്ന് തന്നെ പറയാം. എൽ ഡി എഫിൻ്റെയും, യു ഡി എഫിൻ്റെയും, ബി ജെ പിയുടെയും കൊട്ടിക്കലാശം അതിൻ്റെ പാരമ്യത്തിലെത്താൻ പോവുകയാണ്. പാലക്കാട്ടെ തെരുവുകളെല്ലാം തന്നെ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വലിയ ജനക്കൂട്ടമാണ് ഇവിടെയുള്ളത്.
ത്രികോണപ്പോര് തന്നെയാണ് ഇവിടെ. 20ന് ജനം വിധിയെഴുതുമ്പോൾ യു ഡി എഫിൻ്റെ രാഹുൽ മാങ്കൂട്ടത്തിലാണോ, ഇടത് സ്വതന്ത്രൻ പി സരിനാണോ, ബി ജെ പിയുടെ സി കൃഷ്ണകുമാറാണോ പാലക്കാട് നയിക്കുകയെന്ന ആകാംക്ഷയും ഒപ്പം നിറയുന്നു.
റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്റ്റേഡിയം പരിസരത്താണ് കൊട്ടിക്കലാശം. ഒലവക്കോട് നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ ആരംഭിച്ചത്. അദ്ദേഹം എത്തിയത് നീല ട്രോളി ബാഗുമായാണ്. പി സരിൻ്റെ റോഡ് ഷോ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും, സി കൃഷ്ണകുമാറിൻ്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനിൽ നിന്നും തുടങ്ങി.
വിവാദപൂരിതമായ പാലക്കാട് ആർക്കാണ് സ്വന്തമാവുകയെന്ന കാര്യം കാത്തിരുന്ന് തന്നെ അറിയേണ്ടതുണ്ട്.