

ഇസ്ലാമാബാദ്: ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പാക്കിസ്ഥാൻ(ballistic missile). കരയിൽ നിന്നും കരയിലേക്ക് വിക്ഷേപിക്കാൻ സാധിക്കുന്ന 450 കിലോമീറ്റർ ദൂരപരിധിയുള്ള അബ്ദാലി മിസൈൽ പരീക്ഷിച്ച ദൃശ്യങ്ങളാണ് പാകിസ്ഥാൻ പുറത്തുവിട്ടത്. തങ്ങൾ എന്തും നേരിടാൻ സജ്ജമാണ് എന്നതിന്റെ സൂചനയായിട്ടാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു.
കാശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്കുമേൽ നിറയൊഴിച്ച സംഭവത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചു പോരുന്നത്. ഇതേ തുടർന്ന് പാകിസ്ഥാനിൽ നിന്നുമുള്ള ഇറക്കുമതി നിർത്തലാക്കി. സിന്ധു നദി ജല കരാർ റദ്ധാക്കി. ഇപ്പോൾ പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസും ഇന്ത്യ നിർത്തലാക്കിയ സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ തിരിച്ചടിക്ക് തങ്ങളും തയ്യാറാണെന്ന് കാട്ടാനാണ് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.