
കണ്ണൂർ: എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് തീരുമാനിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്.(No sudden action against PP Divya)
മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടർനടപടി മതിയെന്നും, നിയമപരമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകട്ടെയെന്നുമാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ വിധി വന്ന ശേഷം വീണ്ടും ചര്‍ച്ച നടത്താമെന്നാണ് ഇന്നു തൃശൂരില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ എ ഡി എമ്മിൻ്റെ മരണം ഗൗരവമായി ചർച്ച ചെയ്തിട്ടുമില്ല. നിലവിൽ ദിവ്യയെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച്ചയാണ് അവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അക്കാര്യം കൂടി അറിഞ്ഞിട്ട്, കോടതിയെക്കൂടി വിശ്വാസത്തിലെടുത്ത് നടപടിയെടുക്കുമെന്നും, അതിലപ്പുറത്തേക്ക് തിരക്കിട്ട ഒരു നടപടി വേണ്ടെന്നുമാണ് സി പി എമ്മിൻ്റെ നിലപാട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.