
പത്തനംതിട്ട: തങ്ങൾക്ക് പ്രിയങ്കരനായ നവീനെ യാത്രയാക്കാൻ മലയാലപ്പുഴക്കാരെത്തിയത് നിറകണ്ണുകളോടെയാണ്. ആ ജനക്കൂട്ടത്തെ സാക്ഷിയാക്കി അദ്ദേഹത്തിൻ്റെ ചിതയ്ക്ക് തീ കൊളുത്തിയത് പെൺമക്കളായ നിരഞ്ജനയും നിരുപമയും ആണ്.(Naveen Babu's funeral updates )
സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിഷാദത്തോടെ ഇത് കണ്ടുനിന്നു. ഭൗതിക ശരീരം വീട്ടുവളപ്പിലെ ചിതയിലേക്കെടുത്തത് കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷമാണ്. മക്കൾ അവസാനമായി പിതാവിന് ചുംബനം നൽകിയപ്പോൾ വിങ്ങിയത് കണ്ടുനിന്നവരുടെ മനസാണ്. ഭാര്യ മഞ്ജുവും സങ്കടം നിറഞ്ഞ കാഴ്ച്ചയായി.
രാവിലെ മുതൽ തന്നെ മന്ത്രി കെ രാജൻ വീട്ടിലുണ്ടായിരുന്നു. നാലു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. നവീൻ ബാബുവിനെ ചിതയിലേക്കെടുത്തത് മന്ത്രിയുൾപ്പെടെയുള്ളവരാണ്. മന്ത്രി രാജനും, കെ ജെനീഷ് കുമാർ എം എൽ എയും മറ്റു ജനപ്രതിനിധികളും ചേർന്നാണ് ഭൗതിക ശരീരം എടുത്തത്. നേരത്തെ, തീരുമാനിച്ചിരുന്നത് സഹോദരൻ്റെ മക്കൾ ചിതയ്ക്ക് തീ കൊളുത്തുമെന്നായിരുന്നുവെങ്കിലും, ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിക്കുകയായിരുന്നു.
കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മൃതദേഹം അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ചത് രാവിലെ 11.30നാണ്. കളക്ട്രേറ്റിൽ രാവിലെ മുതൽ നടത്തിയ പൊതുദർശനത്തിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. ദിവ്യ എസ് അയ്യർ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനായെത്തി.
അതേസമയം, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ കണ്ണൂർ എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ പോലീസ് കേസെടുത്തു. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്. ആത്മഹത്യാ പ്രേരണക്കുറ്റം ഇവർക്കെതിരെ ചുമത്തി. 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ അധിക്ഷേപിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ താമസസ്ഥലത്ത് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.