
തിരുവനന്തപുരം: ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹം പറഞ്ഞത് ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ്. ഇ പി ജയരാജൻ ഡി സി ബുക്സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.( MV Govindan on the autobiography controversy )
അത് താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞുവെന്നും, പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നും പറഞ്ഞ അദ്ദേഹം, പാർട്ടി അന്വേഷണം നടത്തുന്നില്ലെന്നും, നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു.
ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നും, പാർട്ടി ഇ പി ജയരാജനെ വിശ്വസിക്കുന്നുവെന്നും പറഞ്ഞ ഗോവിന്ദൻ, അദ്ദേഹം നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും വ്യക്തമാക്കി.
വയനാട് ദുരന്തത്തിലെ കേന്ദ്ര നിലപാടിനെക്കുറിച്ചും അദ്ദേഹം പ്രതികരണമറിയിച്ചു. കേരളം കണ്ട വലിയ ദുരന്തത്തിന് പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പുനരധിവാസത്തിന് വലിയ സഹായം ആയിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
കൊടകര കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും, കോൺഗ്രസും ബി ജെ പിയും തമ്മിൽ പാലക്കാടും- വടകരയും – തൃശൂരും ചേർന്നുള്ള ഡീലുണ്ടെന്നും ആരോപിച്ച അദ്ദേഹം, പാലക്കാട്ട് ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കൂട്ടിച്ചേർത്തു.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിലപാടാവർത്തിച്ച് ഇ പി ജയരാജൻ
അതേസമയം, ഇ പി ജയരാജൻ ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന നിലപാട് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ആവർത്തിച്ചു. പുറത്ത് വന്നത് താൻ എഴുതിയതല്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തന്നെ തകർക്കാനായി ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പുസ്തകം പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ ഇ പി, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, കാര്യങ്ങൾ വസ്തുതാപരമായി പരിശോധിക്കണമെന്നും കൂട്ടിച്ചേർത്തു. ശേഷം യോഗത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത് അദ്ദേഹമായിരുന്നു. എന്നാൽ, പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ ഇ പി തയ്യാറായില്ല. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ഇ പി ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ്