
കണ്ണൂർ: മുൻ എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനോട് ആത്മകഥാ വിവാദത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.( MV Govindan on the autobiography controversy )
താൻ എഴുതിയതല്ല അതെന്ന് ജയരാജൻ പറയുമ്പോൾ ഇനി എന്തിനാണ് അദ്ദേഹത്തോട് വിശദീകരണം ചോദിക്കേണ്ടതെന്നാണ് ഗോവിന്ദൻ്റെ ചോദ്യം.
ആത്മകഥ തയ്യാറാക്കിയ വ്യക്തിയോട് സി പി എം വിശദീകരണം ചോദിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളെയും അദ്ദേഹം തള്ളി. അങ്ങനെയൊരു പരിശോധയിലേക്കും പാർട്ടി കടന്നിട്ടില്ലെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളോടും എം വി ഗോവിന്ദൻ പ്രതികരണമറിയിച്ചു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കുറവാണെന്നും, ഇത് ആരെ ബാധിക്കുമെന്ന് പറയുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, കുറഞ്ഞ രീതിയിലെങ്കിലും എല്ലാവരെയും അത് ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.
വയനാട്ടിൽ ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്നും, ചേലക്കരയിൽ യു ആർ പ്രദീപ് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പറഞ്ഞ അദ്ദേഹം, ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അറിയിച്ചു.