
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. അദ്ദേഹത്തിൻ്റെ ആരോപണം തള്ളിയ ഗോവിന്ദൻ, കുഴൽനാടൻ നിലയും വിലയുമില്ലാത്തയാളാണെന്നും, അദ്ദേഹം പറയുന്നത് ജാതി രാഷ്ട്രീയമാണെന്നും പ്രതികരിച്ചു.(MV Govindan against Mathew Kuzhalnadan )
കേരളത്തിന് പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടൻ്റെ പ്രസ്താവന തരം താണതാണെന്നും, കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യു കുഴൽനാടന് നിലവാരമുണ്ടെന്നാണ് താൻ ഇതുവരെയും കരുതിയിരുന്നതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, ഇത്തരത്തിലുള്ള തരംതാണ പ്രസ്താവനയിലൂടെ അദ്ദേഹം വിലയില്ലാത്തവനാണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഗോവിന്ദൻ പറഞ്ഞത്. അവിടെ കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ രാധാകൃഷ്ണനെ എം പി ആക്കിയതോടെ മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായെന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞത്. അതോടൊപ്പം, ആരും ചോദിക്കാൻ ഇല്ലെന്ന ധൈര്യത്തിൽ പിണറായി തട്ടിത്തെറിപ്പിച്ചത് പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് തന്നെ മാറ്റിനിർത്തിയതിന് പിന്നിൽ എന്തെങ്കിലും കാരണവശാൽ പിണറായി രാജിവയ്‌ക്കേണ്ടി വന്നാൽ സി പി എമ്മിൽ നിന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന ഘട്ടത്തിലാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
ഇ എം എസ് മന്ത്രിസഭയിൽ തുടങ്ങി ഇന്നുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാർ ഉണ്ടായിരുന്നുവെന്നും, മുഖ്യമന്ത്രിയത് ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെയായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.