
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇതോടെ മരിച്ചവരുടെ എണ്ണം 226 ആയി. 196 ശരീര ഭാഗങ്ങളും തെരച്ചിലിൽ ലഭിച്ചു. ദുരന്തത്തിൽ കണ്ടെത്താനുള്ളവരുടെ എണ്ണം 131 ആയി കുറഞ്ഞു. പുഞ്ചിരിവട്ടം, മുണ്ടക്കൈ, സ്കൂൾ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം പേരെ കാണാതായത്.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ താൽക്കാലിക പുനരധിവാസത്തിനായി സർക്കാർ വകുപ്പിലെ ക്വാർട്ടേഴ്സുകളും വാടക വീടുകളും ഉൾപ്പടെ 100 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൈന്യം മടങ്ങിയെങ്കിലും ജനകീയ തിരച്ചിലിൽ പോലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് എന്നിവർ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ ക്യാമ്പിലുണ്ടായിരുന്ന 190 പേർ തിരച്ചിലിനായി ദുരന്തമുഖത്തെത്തിയാതായും മുഹമ്മദ് റിയാസ് പറഞ്ഞു.