
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂര്‍ ഹുസൈന്‍ റാണ ചോദ്യം ചെയ്യലിനിടയിൽ പുറത്തു വിട്ടത് സുപ്രധാന വിവരങ്ങളെന്ന് റിപ്പോർട്ട്(Mumbai terrorist attack). ഇതേ തുടർന്ന് മുംബൈ ഭീകരാക്രമണത്തിലെ പ്രധാനി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
നിലവിൽ ഹെഡ്‌ലി അമേരിക്കയില്‍ തടവിലാണുള്ളത്. അവിടെവച്ചു തന്നെ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനുള്ള നടപടി ക്രമങ്ങളാണ് എൻ.ഐ.എ ഇപ്പോൾ നോക്കുന്നത്. ഇതിനായി അമേരിക്കയുടെ സഹകരണം ആവശ്യപ്പെടും. ഇതിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ലഷ്‌കര്‍ ഇ ത്വയ്ബ, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതില്‍ വലിയ പങ്കാണുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങൾ റാണ പുറത്തുവിട്ടതോടെയാണ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യ ദിവസങ്ങളിൽ റാണ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ സഹകരിക്കുന്നതായും എൻ.ഐ.എ വ്യക്തമാക്കി.