
തിരുവനന്തപുരം: ക്രമസമാധാന ചുമതല ഒഴിഞ്ഞ് എഡിജിപി എം ആർ അജിത് കുമാർ. ബറ്റാലിയൻ എഡിജിപിയുടെ ഓഫീസിലേക്ക് ഇന്ന് മുതൽ മാറി. അതേസമയം ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയ മനോജ് എബ്രഹാം ഇതുവരെ പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല. ഇൻ്റലിജൻസ് മേധാവിയായി നിയമിച്ച പി വിജയൻ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞാലേ ഇൻ്റലിജൻസിന് ഒഴിയാൻ കഴിയുകയുള്ളൂ. ആർഎസ്എസ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയിൽ ഡിജിപി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അജിത് കുമാറിനെ സർക്കാർ മാറ്റിയത്.
ഒരു മാസം നീണ്ട വിവാദക്കൊടുങ്കാറ്റിനിടെയും മുഖ്യമന്ത്രി തൻ്റെ വിശ്വസ്തനെ ഏറെ കരുതലോടെയാണ് മാറ്റുന്നത്. എന്തിനാണ് മാറ്റുന്നതെന്ന് പോലും വിശദീകരിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മുൻപ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പിറക്കിയത്. സായുധ പൊലീസ് ബറ്റാലയിൻ എഡിജിപി സ്ഥാനത്ത് അജിത് കുമാറിനെ നിലനിർത്തിയിട്ടുമുണ്ട്.