
നാഗര്‍കോവില്‍: 13 വയസുകാരിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ സംഭവത്തിൽ നിർണായക വിവരം. കാണാതായ തസ്മിദ് തംസും കന്യാകുമാരിയിലെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ 5.30ന് കുട്ടിയെ കന്യാകുമാരി സ്റ്റേഷന് പരിസരത്തുവച്ച് കണ്ടതായി ഒരു ഓട്ടോഡ്രൈവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
സുരക്ഷിതയായി കുട്ടി വഴിയിലൂടെ നടന്ന് പോകുന്നത് കണ്ടതായാണ് ഇയാൾ പറഞ്ഞത്. കേരള പോലീസിനൊപ്പം നിലവിൽ തെരച്ചിൽ നടത്താനായി ഇയാളുമുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്നും അധികം ദൂരെയല്ലാത്ത ബീച്ച് ഭാഗത്തായി തിരച്ചിൽ നടത്തുകയാണ്. എന്നാൽ, കുട്ടി തിരികെ മടങ്ങിയേക്കാനുള്ള സാധ്യതയും പോലീസിൻ്റെ പരിഗണനയിലുണ്ട്.
കഴക്കൂട്ടത്ത് നിന്ന് പെൺകുട്ടിയെ കാണാതായത് കഴിഞ്ഞ ദിവസം രാവിലെ 9 മണിക്കാണ്. കുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങുകയും ട്രെയിനിൽ കയറി പോവുകയുമായിരുന്നു.
പോലീസ് ആദ്യം കരുതിയത് കുട്ടി ആസാമിലേക്ക് പോയതാകാനാണ് സാധ്യതയെന്നാണ്. എന്നാൽ, കുട്ടി കരയുന്നതായി ശ്രദ്ധയിൽപ്പെട്ട ബബിത എന്ന യാത്രക്കാരി ചിത്രം പകർത്തുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരത്തിൽ നിന്നാണ് കുട്ടി കന്യാകുമാരി ഭാഗത്തേക്ക് പോയതായി പോലീസ് ഉറപ്പിക്കുന്നത്.