
തിരുവനന്തപുരം: തലസ്ഥാനത്തെ ജലവിതരണം വൈകുന്നേരം നാലുമണിയോടെ പുനഃസ്ഥാപിക്കാനാകുമെന്ന് അറിയിച്ച് സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. താഴ്ന്ന പ്രദേശങ്ങളിൽ മൂന്നു മണിക്കൂറിനകം വെള്ളമെത്തുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Minister Roshy Augustine on drinking water issue in Trivandrum)
കുടിവെളള വിതരണം വൈകിയത് ചില സാങ്കേതിക തകരാറുകൾ മൂലമാണെന്നും, ഉച്ചയ്ക്ക് രണ്ടുമണിയോടെ പമ്പിംഗ് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു.
നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത് തിരുവനന്തപുരം – കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്നാണ്. നിർത്തിവച്ചിരുന്നത് 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ്. നഗരസഭ അറിയിച്ചത് ഈ പ്രദേശങ്ങളിൽ പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്നാണ്.
പണി പൂർത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് വാൽവ് ക്ലിയർ ചെയ്ത് അരുവിക്കരയിലെ ട്രീറ്റ്‌മെൻറ് പ്ലാൻറില്‍ നിന്നും വെള്ളം തുറന്നു വിടുന്ന അവസരത്തിൽ ചോർച്ചയുണ്ടാവുകയും, വീണ്ടും അഴിച്ചുപണിയേണ്ടതായും വന്നു. പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനിടയാക്കിയത് ഇതാണെന്ന് പറഞ്ഞ മന്ത്രി, ബെൻറ് കോൺക്രീറ്റ് ചെയ്ത ശേഷം പമ്പ് ചാർജ് ചെയ്യുമെന്നും വൈകിട്ടോടെ എല്ലാ പ്രദേശത്തും വെള്ളമെത്തുമെന്നും കൂട്ടിച്ചേർത്തു.