
ഇംഫാൽ: മണിപ്പുർ സംഘർഷത്തിനിടെ തട്ടിക്കൊണ്ടുപോയി എന്നു കരുതുന്ന മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. അസം അതിർത്തിയോടു ചേർന്നുള്ള പ്രദേശത്തു നിന്ന് ഒരു കൈക്കുഞ്ഞ് ഉൾപ്പടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു. (Manipur Conflict)
ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഒരു കൈക്കുഞ്ഞ് ഉൾപ്പടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മാസം 11ന് നടന്ന അക്രമസംഭവങ്ങള്‍ക്കിടെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്.