
തിരുവനന്തപുരം: പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎയെ സിനിമാ കോൺക്ലേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി (M Mukesh removed from cinema conclave formation committee). മുകേഷിനെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ചുമതല ചലച്ചിത്ര വികസന കോര്പറേഷൻ എംഡി ഷാജി എൻ. കരുണിനാണ്. മഞ്ജു വാര്യര്‍, സംവിധായകന് ബി. ഉണ്ണികൃഷ്ണന്, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. അതേസമയം , ബി.ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബു രംഗത്തെത്തിയിരുന്നു.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവാണ് നവംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്.