
കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ പേരിൽ മുതലെടുപ്പിന് ശ്രമിച്ചെന്ന കുടുംബത്തിന്‍റെ ആരോപണങ്ങൾ തള്ളി ലോറി ഉടമ മനാഫ്. (Lorry owner Manaf denied Arjun's family's allegation)
യൂട്യൂബ് ചാനൽ തുടങ്ങിയത് തനിക്ക് അറിയാവുന്നവരിലേക്ക് വിവരം കൈമാറാൻ മാത്രമാണ്. അർജുന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞു കൊല്ലാമെന്നും മനാഫ് പ്രതികരിച്ചു. ലോറിക്ക് 'അർജുൻ' എന്നുതന്നെ പേര് നൽകുമെന്നും എത്ര ക്രൂശിച്ചാലും താൻ ചെയ്തതൊന്നും ഇല്ലാതാകില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. രണ്ടാംഘട്ടം കഴിഞ്ഞപ്പോൾ മനാഫ് യൂട്യൂബ് ചാനലുണ്ടാക്കി. അർജുന്‍റെയും കുടുംബത്തിന്‍റെയും പേരുപറഞ്ഞുള്ള പ്രചാരണം നിർത്തണം. ഇല്ലെങ്കിൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. പൊതുസമൂഹത്തിനു മുന്നിൽ കുടുംബത്തെ അപമാനിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.