
കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര കൂടാരഞ്ഞിയിൽ വന്നതായി സംശയം. ചെന്താമരയെ കണ്ടതായി നാട്ടുകാർ പൊലീസിന് വിവരം നൽകി. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കാക്കാടം പൊയിൽ ഭാഗത്ത് കണ്ടെന്നാണ് പറയുന്നത്. കാക്കാടംപൊയിൽ കേന്ദ്രീകരിച്ചാണ് തെരച്ചിൽ സംഘടിപ്പിക്കുക.
ചെന്താമരയുടെ കൈയിൽ മൂന്ന് ഫോണുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം കിട്ടി. ഇതിൽ ഒരെണ്ണം പൊട്ടിച്ചുകളഞ്ഞെന്നും മറ്റൊന്ന് സുഹൃത്തിന് കൈമാറിയെന്നുമാണ് പൊലീസിന് കിട്ടിയ വിവരം. അതിനിടെ തിരുവമ്പാടിയിലെ ക്വാറിയിൽ ചെന്താമര ജോലി ചെയ്തിരുന്നതായി സ്ഥിരീകരിച്ച പൊലീസ് ഇവിടെ ഒപ്പം ജോലി ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്യുന്നുണ്ട്. ഒരാഴ്ച മുൻപ് ഇയാളെ വിളിച്ച് ഉടൻ തിരുവമ്പാടിയിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.