
തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. മാർച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20, 21, 22 തീയതികളിൽ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കും. (Legislative Assembly)
വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സന്പൂർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് രണ്ടു വരെ സഭ ചേരില്ല.