
പാലക്കാട്: അന്ത്യവിശ്രമത്തിലും ആ നാല് കൂട്ടുകാരികളും അടുത്തടുത്താണ്. നാല് ഖബറുകൾ ആണെങ്കിലും കയ്യകലത്താണ് അവരുള്ളത്. ഇണക്കങ്ങളും പിണക്കങ്ങളും കളിയും ചിരിയും ഒത്തുചേർന്ന അവരുടെ ഭൂമിയിലെ ദിനങ്ങൾക്ക് ഉറ്റവർ വിട നൽകി. ഇനി പ്രിയപ്പെട്ടവരുടെ ഹൃദയത്തിലാണ് റിദയും നിദയും ആയിഷയും ഇർഫാനയും ജീവിക്കുക.(Karimba accident updates )
4 വിദ്യാർഥിനികൾക്കും കണ്ണീരോടെയാണ് നാടൊന്നാകെ വിട നൽകിയത്.കുട്ടികൾക്ക് അന്ത്യാജ്ഞലി അർപ്പിക്കാനായി മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരും, കെ ശാന്തകുമാരി അടക്കമുള്ള ജനപ്രതിനിധികളും, ജില്ലാ കളക്ടർ ഡോ. എസ് ചിത്രയും എത്തി.
പൊതുദർശനം തുടങ്ങിയത് മുതൽ തന്നെ സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടുകയായിരുന്നു ഇവരുടെ സുഹൃത്തുക്കളടക്കമുള്ളവർ. പൊതുദർശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. പരീക്ഷയ്ക്ക് ശേഷം ബസ് കാത്ത് നിൽക്കുന്ന അവസരത്തിലാണ് അപകടമുണ്ടായത്.
കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ പി.എ.ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), എ.എസ്.ആയിഷ (13) എന്നിവരാണ് മരിച്ചത്. സമീപത്തെ ചെറിയ താഴ്ച്ചയിലേക്ക് തെറിച്ചുവീണതിനാലാണ് ഇവരുടെ സഹപാഠിയായ അജ്ന ഷെറിൻ രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കാസർഗോഡ് സ്വദേശികളായ ലോറി ഡ്രൈവര്‍ വര്‍ഗീസ്(51), ക്ലീനര്‍ മഹേന്ദ്രപ്രസാദ്(28) എന്നിവർ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.