
കൊച്ചി: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെ ഗുരുതര ആരോപണങ്ങൾ. ഹർജിയിൽ ആവശ്യപ്പെടുന്നത് സംഭവത്തിൽ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നാണ്.(Kannur ADM's death )
നവീൻ ബാബുവിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തണമെന്നും, ഇത് പോലീസ് മുക്കിയതാകാമെന്നും പറയുന്ന ഈ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
എ ഡി എമ്മിൻ്റെ കുടുംബം ആരോപിക്കുന്നത് കലക്ടർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്വാധീനത്തിലാണെന്നാണ്. അദ്ദേഹത്തിൻ്റെ ഫോൺ കോൾ രേഖകളും, പരിസരത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണമെന്നും, പരസ്പര വിരുദ്ധമായ മൊഴികൾ നൽകി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും പറയുന്ന ഹർജിയിൽ, തനിക്ക് തെറ്റ് പറ്റിയതായി നവീൻ ബാബു പറഞ്ഞുവെന്ന മൊഴി പ്രതിയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്. ഹർജി നൽകിയിരിക്കുന്നത് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് അവർ പറയുന്നത്.
എ ഡി എമ്മിൻ്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയും, പ്രതികളുടെ രാഷ്ട്രീയ സ്വാധീനവുമൊക്കെ ഹർജിയിൽ പരാമർശിക്കുന്നുണ്ട്.