

തൃശൂർ: കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടയിലുണ്ടായ അപകടത്തിൽ പ്രതികരണമറിയിച്ച് പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ്റെ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ രംഗത്തെത്തി. ഇയാൾ പറഞ്ഞത് മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണ് എന്നാണ്.(Kaloor stadium accident )
സകല പണമിടപാടുകളും നടന്നത് ബാങ്ക് വഴിയാണെന്നും, പരിപാടിക്കായി കളക്ട് ചെയ്തത് മൂന്നരക്കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചെലവായത് 3.10 കോടി രൂപയാണെന്നും, 390 രൂപയുടെ സാരി 1600 രൂപയ്ക്കല്ല നൽകിയതെന്നും പറഞ്ഞ നികോഷ് കുമാർ, പരിപാടിയിൽ പങ്കെടുക്കാനായി ഒരാളിൽ നിന്നും 2900 രൂപയാണ് വാങ്ങിയതെന്നും കൂട്ടിച്ചേർത്തു.
സാരി നൽകിയത് അതിൽ ഉൾപ്പെടുത്തിയാണെന്നും വേറെ പൈസ വാങ്ങിയിട്ടില്ലന്നും പറഞ്ഞ ഇയാൾ, ഒരാൾക്ക് വാഗ്ദാനം ചെയ്തത് 2 പട്ടുസാരി, ലഘുഭക്ഷണം എന്നിവയാണെന്നും വ്യക്തമാക്കി.
ഗിന്നസ് വേൾഡ് റെക്കോർഡിന് 24 ലക്ഷം രൂപ കൈമാറിയെന്നും, ജി എസ് ടി കിഴിച്ചുള്ള കണക്കാണ് 3 കോടി 56 ലക്ഷമെന്നും, ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഓരോരുത്തർക്കും ലഭിക്കുമെന്നും പറഞ്ഞ അദ്ദേഹം, അത് തങ്ങളും ഗിന്നസും തമ്മിലുള്ള കരാർ ആണെന്നും, 2 മാസം സമയം എടുക്കുമെന്നും അറിയിച്ചു.
എം എൽ എയ്ക്ക് സംഭവിച്ച അപകടത്തിൽ ഖേദം പ്രകടിപ്പിച്ച നികോഷ് കുമാർ, റെക്കോർഡ് പൂർത്തിയായതിന് ശേഷമുള്ള 4 മണിക്കൂറോളമുള്ള പരിപാടി തങ്ങൾ ഉപേക്ഷിച്ചെന്നും, എന്നാൽ ഈ പരിപാടി ഉപേക്ഷിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.
പെർമിഷൻ കാര്യങ്ങൾ നോക്കിയത് കൊച്ചിയിലെ ഇവൻറ് മാനേജ്‌മെൻറ് കമ്പനിയാണെന്നും അതിൻ്റെ പണം അവർക്ക് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, സുരക്ഷാവീഴ്‌ച്ച ഉണ്ടായതായി തോന്നുന്നില്ലെന്നും വ്യക്തമാക്കി.