
ഇടുക്കി: കെ പി സി സിയിലെ മാറ്റങ്ങളെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. ഇപ്പോൾ കെ പി സി സി പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.(K Muraleedharan on leadership change in KPCC )
അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിലും, ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്ന് പറഞ്ഞ മുരളീധരൻ, ഇപ്പോൾ പാർട്ടിയെ നയിക്കാനുള്ള ആരോഗ്യം കെ സുധാകരനുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, തൃശൂർ ഡി സി സിയിൽ പുതിയ അധ്യക്ഷൻ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലെയ്സൺ കമ്മറ്റിക്ക് ചെയർമാൻ ഇല്ലെന്നും, ഈ രണ്ടു കാര്യങ്ങളും അടിയന്തരമായി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പ്രതികരിച്ചു.
പാർട്ടിയുടെ മറ്റു നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്ന് പറഞ്ഞ അദ്ദേഹം, പ്രസിഡൻ്റിനെ മാറ്റേണ്ടതില്ലെന്നും വ്യക്തമാക്കി.
മുനമ്പം വിഷയത്തെക്കുറിച്ചും പ്രതികരണമറിയിച്ച കെ മുരളീധരൻ, ഇക്കാര്യത്തിൽ യു ഡി എഫിൻ്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാണെന്നും അവിടെ നിന്നും ആരെയും കുടിയൊഴിപ്പിക്കാൻ പാടില്ലെന്നും അറിയിച്ചു. വസ്തുവിൻ്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.