
പാലക്കാട്: പത്മജ പാർട്ടി വിട്ടില്ലായിരുന്നുവെങ്കിൽ താൻ ജയിച്ചേനെയെന്ന് പറഞ്ഞ് കെ മുരളീധരൻ. സ്വന്തം അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനായി കെ മുരളീധരൻ വോട്ട് പിടിക്കുന്നുവെന്നുള്ള പത്മജയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(K Muraleedharan about Padmaja Venugopal)
പാർട്ടിയിൽ നിന്ന് പോകുന്നതിന് മുൻപ് തൃശൂരിൽ പേര് കേൾക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ താനിപ്പോൾ വടകര എം പിയാണെന്നും, അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നുമാണ് താൻ മറുപടി നൽകിയതെന്ന് പറഞ്ഞ മുരളീധരൻ, അവർ പോയപ്പോഴാണ് മാറേണ്ടി വന്നതെന്നും, ഇല്ലായിരുന്നെങ്കിൽ താൻ വടകരയിൽ തന്നെ നിന്ന് എം പിയായേനെയെന്നും കൂട്ടിച്ചേർത്തു.
അവർക്കും പാർട്ടിയിൽ ഒരു അഡ്രസ് ഉണ്ടായേനെ എന്ന് പറഞ്ഞ അദ്ദേഹം, പോയിട്ട് വല്ല മെച്ചവും ഉണ്ടായോ എന്നും ചോദിച്ചു.
എ കെ ബാലൻ്റെ പരാമർശത്തിനും കെ മുരളീധരൻ മറുപടി നൽകി. കേരളത്തിന് പുറത്തുള്ള നിലപാട് വേറെയാണെന്നും, ബി ജെ പി എല്ലായിടത്തും പൊതുശത്രുവാണെന്നും അദ്ദേഹം പറഞ്ഞു.
സരിൻ മിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ കെ മുരളീധരൻ, അദ്ദേഹം കോൺഗ്രസിലുണ്ടായിരുന്നെങ്കിൽ ഒറ്റപ്പാലത്ത് വീണ്ടും നിർത്തിയേനെയെന്നും വ്യക്തമാക്കി. അപ്പോഴേക്കും അദ്ദേഹത്തിന് ചില പിഴവുകൾ സംഭവിച്ചുവെന്നും, കൈവിട്ടു പോയതിനെക്കുറിച്ച് ഇനി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.