

ബെയ്റൂത്ത്: ഗസ്സയിൽ 41,000ലേറെ ആളുകളെ കൊന്നുതള്ളിയതിനു ശേഷം ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി ഉയർന്നു (Israel bombs Lebanon live). 1000ലേറെ ആളുകൾക്ക് പരിക്കേറ്റു. കിഴക്കൻ, തെക്കൻ ലബനാനിൽ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച വ്യോമാക്രമണത്തിലാണ് ഇത്രയും ജീവനുകൾ നഷ്ടമായത്. ഇതിൽ 21 പേർ കുട്ടികളും 39 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഗസ്സയിലേത് പോലെ ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലിന്റെ ആക്രമണം. വീടുകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും വ്യാപാര- താമസ കെട്ടിടങ്ങൾക്കും നേരെയാണ് ഇസ്രായേൽ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേൽ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളിൽ കയറി രക്ഷപെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി ഫിറാസ് അബ്‌യാദ് പറഞ്ഞു.