
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ ഡി സി സി ഓഫീസ് സെക്രട്ടറിയെ മൊഴിയെടുക്കാൻ വിളിപ്പിച്ച് അന്വേഷണ സംഘം.( Investigation against CM )
നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേർക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ മർദിച്ചത് പൊലീസിൻ്റെ രക്ഷാപ്രവർത്തനമായിരുന്നെന്ന വിവാദ പരാമർശത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നത്.
മൊഴി നൽകാനായി ഡി സി സി ഓഫിസ് സെക്രട്ടറി ആൻ്റണിയോട് എത്തണമെന്ന് നിർദേശിച്ചു. ഇദ്ദേഹം മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ്.
നടപടി ഉണ്ടായിരിക്കുന്നത് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിൻ്റെ ഭാഗമായാണ്. എറണാകുളം സി ജെ എം കോടതിയിൽ അടുത്തയാഴ്ച്ചയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
കേസന്വേഷിച്ചത് എറണാകുളം സെൻട്രൽ പൊലീസാണ്. അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഡി സി സി പ്രസിഡൻ്റ് ഷിയാസിൻ്റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ്. നടപടികൾ ക്രമസമാധാന പരിപാലനത്തിൻ്റെ ഭാഗമായാണ് എന്നാണ് കണ്ടെത്തൽ.
അതോടൊപ്പം, സംഭവം നടന്നത് എറണാകുളം സി ജെ എം കോടതിയുടെ പരിധിയിൽ അല്ലെന്നും, എറണാകുളം സെൻട്രൽ പൊലീസിന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിനുള്ള പരിമിതിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.