78ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം: സംസ്ഥാനം അതീവ ദുഃഖത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | Independence Day 2024 celebrations in kerala

78ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം: സംസ്ഥാനം അതീവ ദുഃഖത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | Independence Day 2024 celebrations in kerala
Published on

തിരുവനന്തപുരം: രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്യം കണ്ടതിലേറ്റവും ഭയാനകമായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുകയാണ് കേരളം എന്ന കൊച്ചു സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയര്‍ത്തി.

തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നത് കനത്ത മഴയ്ക്കിടെയാണ്. മുഖ്യമന്ത്രി പരേഡിന് സല്യൂട്ട് സ്വീകരിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും, നമുക്ക് ഇതും അതിജീവിക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ അറിയിച്ചു.

തൻ്റെ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്നാണ്. പൊതുവായ മുന്നറിയിപ്പുകൾക്ക് പകരം കൃത്യമായ പ്രവചനങ്ങൾ അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന് ഈ 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ലെന്നും, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങൾക്കിടയിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ജനങ്ങളെ ചിലർ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്‌ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ജാതീയതയും വര്‍ഗീയതയും ഇതിൻ്റെ ആയുധങ്ങളാക്കുകയാണെന്നും വിമർശിച്ചു.

കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾ നടന്നത്. പതാക ഉയർത്തിയത് മന്ത്രി ഒ ആർ കേളുവാണ്. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത് ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂർണമായും ഒഴിവാക്കിയാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണിത്. കോഴിക്കോട് വിക്രം മൈതാനിൽ നടന്ന ചടങ്ങിൽ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തുകയുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com