

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ അണികളെ അഭിസംബോധനചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് (Kamala Harris). നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് കമല പറഞ്ഞു.
സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ ഉറച്ചുനില്‍ക്കും. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. ഈ ഫലം ഒരിക്കലും നമ്മള് ആഗ്രഹിച്ചതല്ല. നമ്മള് പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.
പരാജയപ്പെട്ടാലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയെന്നതാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചാരണവിഷയങ്ങളിലൂന്നിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും അമേരിക്കക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കൈവരിക്കാനാകുന്ന ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കില്ലെന്നും അവർ പറഞ്ഞു. ഇപ്പോള്‍ നിങ്ങളെല്ലാവരും പലതരത്തിലുള്ള വികാരങ്ങളിലൂടെ കടന്നുപോവുകയാണെന്ന് എനിക്കറിയാം. പക്ഷേ തെരഞ്ഞെടുപ്പ് ഫലം നമ്മള് അംഗീകരിക്കണം എന്നും കമല വ്യക്തമാക്കി.