
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ തിരിച്ച് ആക്രമിക്കുമെന്ന് ഉറപ്പു നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്( Rajnath Singh). അത് തന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ മന്ത്രി മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്നും കൂട്ടി ചേർത്തു. സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
"നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികര്‍ 'രണഭൂമി'യില്‍ പോരാടുമ്പോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാര്‍ 'ജീവനഭൂമി'യിലാണ് പോരാടുന്നത്. ഒരു പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികര്‍ക്കൊപ്പം രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്" - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
അതേസമയം പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർക്കായി രാജ്യത്ത് ഊർജിത തിരച്ചിൽ സൈന്യം തുടർന്ന് കൊണ്ടിരിക്കുകയാണ്.