
പാലക്കാട്: കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് സിപിഎം പുറത്തുവിട്ട പുതിയ സിസിടിവി ദൃശ്യങ്ങൾക്ക് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil). ഹോട്ടലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയതെന്നും പറഞ്ഞു.
സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. തന്റെ വണ്ടി സര്‍വീസിന് കൊടുക്കാന്‍ വേണ്ടി ഈ സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്നും വണ്ടി പിറ്റേ ദിവസം ടൊയോട്ടൊയുടെ ഷോറൂമില്‍ സര്‍വീസിന് കൊടുത്തുവെന്നും രാഹുല്‍ വിശദീകരിച്ചു. കോഴിക്കോട് അസ്മ ടവറിലേക്ക് സുഹൃത്തിന്റെ കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുല്‍ പുറത്തുവിട്ടു.