
ന്യൂഡൽഹി : രാജ്യത്ത് ആകെ ആറ് എച്ച് എം പി വി കേസുകൾ റിപ്പോർട്ട് ചെയ്തു. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗം ബാധിച്ചവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഇല്ലെന്നും, ഇന്ത്യയിലെ സാഹചര്യം ലോകാരോഗ്യ സംഘടനയും നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ച മന്ത്രാലയം, ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. (HMPV virus in India)
ബെംഗളൂരുവിൽ 2, ചെന്നൈയിൽ 2, അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധ കണ്ടെത്തിയത് യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ്.
ബ്രോങ്കോ ന്യുമോണിയയ്ക്കായി ചികിത്സ തേടിയ 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിരുന്നു. രോഗം ഭേദമായി ഡിസ്ചാർജ്ജ് ചെയ്ത ശേഷമാണ് രോഗബാധയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ 8 മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്. കുട്ടിക്കും ബ്രോങ്കോന്യുമോണിയ ആയിരുന്നു.
ചെന്നൈയിൽ രോഗബാധ സ്ഥിരീകരിച്ചത് ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ 2 കുട്ടികൾക്കാണ്. കഴിഞ്ഞ നവംബറിലാണ് കൊൽക്കത്തയിൽ 5 മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയുള്ളതായി റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദിലും അസുഖം കണ്ടെത്തിയത് 5 മാസമുള്ള കുഞ്ഞിലാണ്. ചാന്ദ് ഖേഡയിലാണ് സംഭവം.