
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ പൂര്‍ണരൂപം സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് പറഞ്ഞ് ഹൈക്കോടതി.(High court on Hema committee report)
സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ടിൻ്റെ പൂര്‍ണരൂപം നൽകണമെന്നാണ് കോടതി അറിയിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോർട്ടിൻ്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് കോടതി നിര്‍ദേശം.
റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളിലെ സർക്കാരിൻ്റെ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നായിരുന്നു സർക്കാർ നൽകിയ മറുപടി.
ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് അടിയന്തര നടപടി സ്വീകരിക്കാത്തത് എന്ന ചോദ്യത്തിന് പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്നും എ ജി കോടതി മുൻപാകെ മറുപടി നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷന് ബെഞ്ചാണ്.