
തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ ഡൽഹിയിൽ പോയ തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാർ. കേരളത്തിന്റെ ആവശ്യം ഒന്നു കേൾക്കാൻ പോലും മന്ത്രിക്ക് സമയമില്ലെന്നും ഒന്നും തരില്ലയെന്ന സമീപനമാണ് കേന്ദ്രത്തിനെന്നും മന്ത്രി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഗതാഗതമന്ത്രിക്കും ഉദ്യോഗസ്ഥർക്കും കാണാൻ സമയം ആവശ്യമെന്ന് എഴുതി കൊടുത്തതനുസരിച്ച് എത്തിയ തങ്ങളെ ഒന്നു കേൾക്കാൻ പോലുമുള്ള മര്യാദ കേന്ദ്രമന്ത്രി കാട്ടിയില്ല. വലിഞ്ഞുകയറി പോയതല്ല, ഇതു വളരെ മോശമാണ്. അതിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. താൻ ഉന്നയിച്ച ആറ് അവശ്യങ്ങളും അംഗീകരിച്ചില്ല. ഇരിക്കാൻ കസേര തന്നത് ഭാഗ്യമെന്നും ഇനി പോകില്ലെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുക എന്നത് തന്നെയാണ് കേന്ദ്ര തീരുമാനം. സുരേഷ് ഗോപി തന്നെ ചോദിച്ചിട്ടും കേരളത്തിന് ഒന്നും കിട്ടുന്നില്ലെന്ന് മന്ത്രി ഗണേഷ് വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് വർധിച്ച് വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.