
വാഷിംഗ്ടൺ ഡിസി: സുനിത വില്യംസ് ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളെ സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിനുള്ളിൽ നിന്ന് പുറത്തെത്തിച്ചു. റിക്കവറി കപ്പലിൽ എത്തിച്ച പേടകത്തിൽ നിന്ന് ഓരോരുത്തരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നിക്ക് ഹേഗ് ആണ് പേടകത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്സാണ്ടർ ഗോർബനോവിനെ പുറത്തിറക്കി. മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറിൽ തീരത്തേക്ക് എത്തിക്കും. തുടർന്ന് വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകൾക്കായി ഇവരെ വിധേയരാക്കും. എല്ലാവരും സന്തോഷത്തിലാണ് ഭൂമിയിൽ സ്പർശിച്ചത്. പുറത്തെത്തിച്ച യാത്രികരെ സ്ട്രെച്ചറിൽ മാറ്റുകയായിരുന്നു. യാത്രികരെ പുറത്തെത്തിച്ച് നിവർന്ന് നിർത്തിയ ശേഷമാണ് ഇവരെ സ്ട്രെച്ചറിൽ മാറ്റിയത്.
ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകും. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. പുറത്തെത്തിച്ച നാലംഗസംഘത്തിൽ ഇത് പ്രകടമായിരുന്നു. മറ്റ് ആളുകളുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്. ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പുലർച്ചെ മൂന്നരയോടെ മെക്സിക്കൻ ഉൾക്കടലിൽ ഫ്ളോറിഡയോടു ചേർന്നാണ് സുനിതാ വില്യംസും ക്രൂ 9 സംഘവും സുരക്ഷിതമായി ലാൻഡ് ചെയ്തത്. തുടർന്ന് പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പലിലെത്തിച്ചു. ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.