‘ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും’: ആത്മകഥയുടെ ഉള്ളടക്കം തള്ളി ഇ പി ജയരാജൻ | EP Jayarajan’s autobiography

തന്നെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തൻ്റെ ഭാഗം കേൾക്കാതെയാണെന്ന് ഇ പി പറയുന്നു
‘ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും’: ആത്മകഥയുടെ ഉള്ളടക്കം തള്ളി ഇ പി ജയരാജൻ  | EP Jayarajan’s autobiography
Published on

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലും, ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ ഇന്ന് വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് സി പി ഐ എം നേതാവ് ഇ പി ജയരാജൻ്റെ ആത്മകഥ.(EP Jayarajan's autobiography)

പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കത്തെ അദ്ദേഹം തള്ളി. ചില വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും, പൂർണമായും വ്യാജമാണെന്നും പറഞ്ഞ ജയരാജൻ, പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണെന്നും കൂട്ടിച്ചേർത്തു. ആരെയും ആത്മകഥ അച്ചടിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ അദ്ദേഹം, പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഡിസി ബുക്സിനോട് വിശദീകരണം തേടിയെന്നും, ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണെന്നും, വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പുറത്തുവന്ന 'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിൻ്റെ ജീവിതം' എന്ന ആത്മകഥയുടെ ഭാഗത്തിൽ രണ്ടാം പിണറായി സർക്കാരിനെതിരെ തുറന്ന വിമർശനമാണ് ഉള്ളത്. ഇതിൽ പറയുന്നത് പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നാണ്.

എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തൻ്റെ ഭാഗം കേൾക്കാതെയാണെന്നും, തന്നെ പാർട്ടി മനസിലാക്കിയില്ലെന്നും ഇതിൽ ആരോപിക്കുന്നു.

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ചർച്ചയാക്കിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറയുന്ന ആത്മകഥയിൽ, ഡോ. പി സരിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിലും അതൃപ്തിയറിയിക്കുന്നുണ്ട്.

ചേലക്കരയിലെ അൻവറിൻ്റെ സ്ഥാനാർഥി എൽ ഡി എഫിന് ദോഷമുണ്ടാക്കുമെന്ന് പറയുന്ന ഇ പി, എത്ര വിമർശനങ്ങൾ ഉണ്ടായാലും പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ആത്മകഥയിലൂടെ വ്യക്തമാക്കുന്നു.

വയനാട്ടിൽ നടക്കുന്ന മത്സരം ഒരു കുരുക്കാണെന്ന് പറയുന്ന ആത്മകഥയിൽ, മത്സരിക്കാത്ത പക്ഷം അത് ബിജെപിക്ക് ഗുണം എന്ന് പറയുമെന്നും, ഇന്ത്യ മുന്നണിയിലുള്ളവർ എന്തിന് മത്സരിക്കുന്നു എന്ന ചോദ്യം ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയം വ്യത്യസ്ത ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും, കേരളത്തിലെ ഇടതുപക്ഷത്തെ ഇത് ദുർബലപ്പെടുത്തുമെന്നും പറയുന്ന ഇതിൽ, ഇതിന് പരിഹാരം കാണാനായി ദൂരക്കാഴ്ച്ചയോടുള്ള സമീപനം വേണമെന്നും അറിയിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com