
കൊച്ചി: ഓഫർ തട്ടിപ്പ് കേസ് ഇഡി അന്വേഷിക്കും. ഇഡിയുടെ കൊച്ചി യൂണിറ്റ് കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി.
തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രാഥമിക വിവര ശേഖരണം ഇഡി നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എഫ്ഐആർ ഇഡി പരിശോധിച്ചിരുന്നു. ഈ അന്വേഷണം പൂർത്തിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ 450 കോടി എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന കാര്യം ഇഡി അന്വേഷിക്കും. സൈൻ ട്രസ്റ്റിന്റെ മറവിലോ എൻജിഒ കോൺഫിഡറേഷന്റെ മറവിലോ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നും ഇഡി കണ്ടെത്തും. പ്രധാനമന്ത്രിയുടെ ചിത്രം വെച്ചുള്ള തട്ടിപ്പാണ് അനന്തു നടത്തിയതെന്ന് ഐബി റിപ്പോർട്ട് നൽകിയിരുന്നു.