
കൊച്ചി∙ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പൊലീസ് പറയുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് കൊച്ചി മരടിൽ ഓംപ്രകാശിന്റെ ആഡംബര ഹോട്ടലിലെ മുറിയിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും വന്നതായി പറയുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് കഴിഞ്ഞദിവസം ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും കണ്ടെത്തിയിരുന്നു. കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.