
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിൻ എന്നിവർക്കെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ.(Drug case )
ആവശ്യമെങ്കിൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഹോട്ടലിൽ മറ്റു സിനിമാ താരങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും, ടെലിവിഷൻ ആർട്ടിസ്റ്റായ ഒരാൾ എത്തിയിരുന്നുവെന്നും പറഞ്ഞ കമ്മീഷണർ, ലഹരി പാർട്ടിക്കെത്തിയതാണെന്ന സൂചന ഇതുവരെയും ലഭിച്ചിട്ടില്ലെന്നും, വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
അതേസമയം, കൊച്ചിയിലെ അലൻ വാക്കർ പരിപാടിക്കിടയിൽ ഫോൺ മോഷണം പോയ സംഭവത്തിൽ ഡൽഹിയിലും ബംഗളൂരുവിലും 2 സംഘങ്ങൾ പരിശോധന നടത്തുകയാണെന്നും, ഏത് ഗ്യാങ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എ ആർ എം സിനിമയുടെ വ്യാജപതിപ്പിറക്കിയ കേസിൽ മൂന്നാമനെ ഉടൻ പിടികൂടുമെന്നും കമ്മീഷണർ പ്രതികരിച്ചു.