
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധനചെയ്തു. ഡൽഹിയുടെ സ്നേഹത്തിന് നന്ദി. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഡൽഹി മിനി ഹിന്ദുസ്ഥാനാണ്. ഡൽഹി ബിജെപിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വികസനത്തിന്റെ രൂപത്തിൽ തിരിച്ചു തരും. ഡൽഹിയിലേത് ഐതിഹാസിക വിജയമാണെന്നും മോദിയുടെ ഗ്യാരന്റിയിൽ വിശ്വാസമർപ്പിച്ചതിനു നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു. (Delhi election)
ഡൽഹി ദുരന്തമുക്തമായി. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ജനങ്ങൾ ഷോർട്ട് സർക്യൂട്ട് ചെയ്തെന്നും മോദി പരിഹസിച്ചു. ഇത് സാധാരണ വിജയമല്ല. എഎപിയെ പുറത്താക്കി നേടിയ വിജയമാണ്. "സബ്കാ സാത് സബ്കാ വികാസ്' എന്നത് ഡൽഹിക്ക് തന്റെ ഗ്യാരന്റി. ഡൽഹിയുടെ വികസനത്തിന് മോദി ഗ്യാരന്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.