
തിരുവനന്തപുരം: പാലക്കാട് ശക്തമായ തോൽവി നേരിട്ടതിന് പിന്നാലെ ബി ജെ പി- യു ഡി എഫ് ഡീൽ ആരോപണത്തിൽ മലക്കം മറിഞ്ഞ് എൽ ഡി എഫ്. തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് വടകര -പാലക്കാട് ഡീൽ ആക്ഷേപമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഫലപ്രഖ്യാപനത്തിന് ശേഷം അത് തൃശൂർ- പാലക്കാട് ഡീൽ ആയിരിക്കുകയാണ്.(CPM's BJP-Congress deal allegations)
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിഴവുണ്ടായെന്ന് വലിയ വിമർശനമാണ് ഉയരുന്നതെങ്കിലും, എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്നാണ് മന്ത്രി എം ബി രാജേഷ് പറയുന്നത്.
ഇടതുപക്ഷം ആദ്യം ആരോപിച്ചിരുന്നത് വടകരയിൽ ഷാഫി പറമ്പിലിനെ ജയിപ്പിച്ച് പാലക്കാട് ബി ജെ പിക്ക് ജയിക്കാൻ കളമൊരുക്കുകയാണ് എന്നായിരുന്നു. ആ സമയത്ത് ബി ജെ പി വോട്ടർമാർ ഷാഫിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നതായി എ കെ ബാലൻ ആരോപിച്ചിരുന്നു.
എന്നാൽ, പാലക്കാട്ടെ ഫലം വന്നപ്പോൾ കഥ മാറി. ഡീൽ 'തൃശ്ശൂർ വഴി പാലക്കാട്' നടന്നുവെന്നാണ് ഇന്ന് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, വർഗീയ വോട്ടുകൾ നേടിയാണ് യു ഡി എഫ് പാലക്കാട്ട് ജയിച്ചതെന്ന് ഇടതു സ്വതന്ത്രനായി നിന്ന പി സരിൻ ആരോപിച്ചിരുന്നു.