
കൊച്ചി: കൂത്താട്ടുകളം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി എറണാകുളം റൂറൽ എസ് പി. കൗൺസിലർക്ക് സംരക്ഷണം നൽകുന്നതിൽ വീഴ്ച്ചയുണ്ടായി എന്ന ആക്ഷേപത്തിലാണ് നടപടി.( CPM councilor Kala Raju's abducting case )
എറണാകുളം റൂറൽ എസ് പി സംഭവത്തിൽ മൂവാറ്റുപുഴ ഡി വൈ എസ് പിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എ എസ് പിയെയും സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയെയുമാണ്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ ആശുപത്രിയിലുള്ള കല രാജുവിൻ്റെ രഹസ്യമൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
അതേസമയം, കല രാജു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് പോലീസ് തീരുമാനം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകൾ ചേർക്കാനാണ് നീക്കം. നിലവിൽ 45 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് അന്യായമായി സംഘം ചേർന്ന് പ്രകോപനമുണ്ടാക്കുക, തട്ടിക്കൊണ്ടുപോവുക എന്നീ വകുപ്പുകൾ പ്രകാരമാണ്. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.