
കൊച്ചി: ആരോപണങ്ങൾ ഉയരുന്നതിനിടയിലും സിനിമാ കോൺക്ലേവുമായി മുന്നോട്ട് പോകാൻ ഉറപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത് നവംബർ 24ന് നടത്താനാണ് ആലോചന. കൊച്ചിയിലാണ് കോണ്‍ക്ലേവ് നടത്തുന്നത്.
മൂന്നു ദിവസങ്ങളിലായാണ് കോൺക്ലേവ് നടക്കുക. മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിച്ചായിരിക്കും ഇത് നടത്തുക. കോൺക്ലേവ് നടത്തുന്നതിന് മുൻപ് കരട് സിനിമാ നയം രൂപീകരിക്കാനും, സിനിമാനയം രൂപീകരിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെ നിർദേശശം കൂടി പരിഗണിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം ലീനയുടെ സഹായം തേടുന്നതായിരിക്കും. ലീന വിവിധ സംസ്ഥാനങ്ങളിലെ സിനിമാ നയ രൂപീകരണ കമ്മിറ്റിയിൽ അംഗമായിരുന്നു.
സർക്കാരിൻ്റെ വിശദീകരണം സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെയുൾപ്പെടുത്തി കോൺക്ലേവ് നടത്തുന്നത് സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് എന്നാണ്. എന്നാൽ, കോൺക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.
ഡബ്ലിയു സി സി ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് പരിഹസിച്ചു. പല സംഘടനകളും പരിപാടിയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ്. എന്നാൽ സർക്കാർ അവകാശപ്പെടുന്നത് കോൺക്ലേവ് ഭാവി സിനിമാനയത്തിന് അനിവാര്യമാണെന്നാണ്.