

തൃശൂര്‍: സി പി ഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാറിൻ്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി തൃശൂർ മേയർ എം കെ വർഗീസ് രംഗത്തെത്തി. ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നും കേക്ക് വാങ്ങിയത് സംബന്ധിച്ച് നടത്തിയ പരാമർശത്തിലാണ് അദ്ദേഹത്തിൻ്റെ മറുപടി.(Christmas cake controversy)
തൃശൂർ മേയർ 'ചോറ് ഇവിടെയും കുറ് അവിടെയും ഉള്ള ആളാണെന്ന്' ആണ് വി എസ് സുനിൽ കുമാർ പറഞ്ഞത്. ഇതിനു മറുപടിയായി എം കെ വർഗീസ് പറഞ്ഞത് വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്ക്കാരം തനിക്കില്ലെന്നാണ്.
സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപ്പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും സുനിൽ കുമാർ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ടെന്നും, ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോൾ അതിനോട് പ്രതികരിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് ബാലിശമായ പ്രസ്താവനയാണെന്നും, ഇതിന് വില കൽപ്പിക്കുന്നില്ലെന്നും പ്രതികരിച്ചു.
സുനിൽ കുമാർ ജനപ്രതിനിധി ആണെങ്കിൽ ബി ജെ പിക്കാർ കേക്ക് കൊടുത്താൽ വാങ്ങില്ലേയെന്ന് ചോദിച്ച മേയർ, ഇപ്പോൾ അയാൾ ചട്ടക്കൂടിന് പുറത്താണെന്നും, അതിനാലാണ് എന്തും പറയാമെന്നു അവസ്ഥയുള്ളതെന്നും കൂട്ടിച്ചേർത്തു.
സുനിൽ കുമാറിന് തന്നോട് ഇത്ര സ്നേഹം എന്താണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ വീട്ടിൽ സുരേഷ് ഗോപി വോട്ട് ചോദിക്കാൻ വന്നത് തെറ്റാണോയെന്നും ചോദിച്ചു. ആകെ വന്നത് അദ്ദേഹം മാത്രമാണെന്നും, തന്‍റെ ഓഫീസിൽ ഒരു സ്ഥാനാർഥി വന്നാൽ അയാളെ സ്വീകരിക്കുന്നത് സാമാന്യ മര്യാദയാണെന്നും എം കെ വർഗീസ് തുറന്നടിച്ചു.
തന്നെ ബി ജെ പിക്കാരൻ എന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരെന്നും, അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഇടതുപക്ഷത്തിനൊപ്പം പോവുകയാണെന്നും, വർഗീയ പാർട്ടിയായ ബി ജെ പി അവരുടെ വഴിക്ക് പൊയ്‌ക്കോട്ടെയെന്നും പറഞ്ഞ അദ്ദേഹം, താനിവിടെ ചെയ്യുന്ന നല്ല കാര്യങ്ങൾ വി എസ് സുനിൽ കുമാറിന് ബോധ്യപ്പെടാത്തത് തൻ്റെ കുറ്റമല്ലെന്നും കൂട്ടിച്ചേർത്തു.
തൃശൂരിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മേയർ നൽകിയ മറുപടി താൻ അത്തരക്കാരൻ അല്ലെന്നും, ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പം ആണെന്നുമായിരുന്നു.