
കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞ് അരയിടത്ത് പാലത്ത് അപകടമുണ്ടായി. സംഭവത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്.(Bus accident in Kozhikode )
പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. 41 പേർ സ്വകാര്യ ആശുപത്രിയിലും 9 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സയിലാണ്.
വൈകുന്നേരം 4.15 ഓടെയാണ് പുതിയ ബസ് സ്റ്റാൻഡിനരികിൽ അപകടം നടന്നത്. മറിഞ്ഞത് മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന കെ എൽ 12 സി 6676 ബസാണ്.
സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്‌സുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗത തടസം നീക്കാനായി ബസ് ഇവിടെ നിന്നും മാറ്റാൻ ശ്രമം ആരംഭിച്ചു. യാത്രക്കാരെയെല്ലാം ഇവിടെ നിന്നും മാറ്റി.